സഹകരണബാങ്കിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍; സര്‍ഫാസ് പണം തട്ടിയെടുത്തത് ഇടപാടുകാരിൽ നിന്നും

തിരൂരങ്ങാടി: പണം തിരിമറി നടത്തിയ സഹകരണബാങ്ക് കളക്ഷൻ ഏജന്റായ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ. കക്കാട് പങ്ങിണിക്കാടൻ സർഫാസി(42)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്. തിരൂരങ്ങാടി സഹകരണബാങ്ക് കക്കാട് ബ്രാഞ്ചിലെ കളക്ഷൻ ഏജന്റാണ് ഇയാൾ. ഇടപാടുകാരിൽനിന്നായി ശേഖരിച്ച 64.5 ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്നാണ് കേസ്.
28 മുതൽ ഇയാളെ കാണാനില്ലായിരുന്നു. നൂറ്ററുപതോളം അക്കൗണ്ടുകളിൽനിന്നായി 64.5 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയതായി ബാങ്കിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്ന് സെക്രട്ടറി അറിയിച്ചു. 53 അക്കൗണ്ടുകളിൽ നടത്തിയ 30 ലക്ഷം രൂപയുടെ തിരിമറി സംബന്ധിച്ച റിപ്പോർട്ട് സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും തിരൂരങ്ങാടി സഹകരണ അസി. രജിസ്ട്രാർ പ്രേംരാജ് പറഞ്ഞു. ജോ. രജിസ്ട്രാറുടെ തീരുമാനമനുസരിച്ചാകും തുടർനടപടി.
സർഫാസിനെ കാണാതായതോടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചു. ഇടപാടുകാരുടെ പണം ബാങ്കിലടയ്ക്കാതെ തിരിമറി നടത്തിയതായി ബാങ്ക് അധികൃതരും പോലീസിൽ പരാതിനൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച അറസ്റ്റിലായത്. ഇടപാടുകാർ ആശങ്കപ്പെടേണ്ടെന്നും നിക്ഷേപിച്ച തുകയുടെ ഉത്തരവാദിത്വവും സുരക്ഷയും ബാങ്കിനാണെന്നും പണം യഥാസമയം തിരിച്ചുനൽകുമെന്നും ബാങ്ക് പ്രസിഡന്റ് പത്രക്കുറിപ്പിൽ അറിയിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് കോ -ഓർഡിനേറ്ററുമായിരുന്നു സർഫാസ്. സംഘടനാ തത്ത്വങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചതിനാൽ സ്ഥാനങ്ങളിൽനിന്നു നീക്കിയതായി സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസ് പത്രക്കുറിപ്പിൽ അറിയിച്ചു.