INDIANEWS

യുവാവിന്റെ കൊലപാതകം: കാമുകിയുടെ മാതാപിതാക്കളടക്കം പത്ത് പേര്‍ പിടിയില്‍


ബംഗളുരു: കഴിഞ്ഞ മാസം 24കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകിയുടെ മാതാപിതാക്കളടക്കം പത്ത് പേര്‍ പിടിയിലായി. അര്‍ഫാസ് അഫ്താബ് മുല്ല എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

മുസ്ലീം സമുദായത്തില്‍ പെട്ട യുവാവ് ഹിന്ദുപെണ്‍കുട്ടിയെ പ്രേമിച്ചതിനുള്ള ശിക്ഷ ആയിരുന്നു ഈ കൊലപാതകം. പെണ്‍കുട്ടിയുടെ മാതാപിതാക്കളായ എയരപ്പ ബസവണ്ണ കുമ്പാരി(54) സൂശീല എയരപ്പ(42)ശ്രീരാമസേന പ്രവര്‍ത്തകായ എട്ടുപേരുമാണ് പിടിയിലായത്. ശ്രീരാമസേന പ്രവര്‍ത്തകരെ മാതാപിതാക്കള്‍ വാടകയ്ക്ക് എടുത്ത് കൊല നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം യുവാവിന്റെ വീട്ടുകാരും തുടക്കം മുതല്‍ തന്നെ ആരോപിക്കുന്നുണ്ടായിരുന്നു. സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് ബെലാഗവിയില്‍ കാര്‍ ഡീലറായി ജോലി നോക്കുകയായിരുന്നു.

അഞ്ച് ലക്ഷം രൂപയാണ് കൊലപാതകത്തിനുള്ള പ്രതിഫലമായി മാതാപിതാക്കള്‍ നല്‍കാമെന്ന് പറഞ്ഞത്. ഇതിന്റെ അഡ്വാന്‍സായി അറുപതിനായിരം രൂപ നല്‍കിയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീരാമസേനയുടെ ഖാനാപൂര്‍ താലൂക്ക് മേധാവിയായ പുന്തലിക മഹാരാജ്(39) ആണ് പണം കൈപ്പറ്റിയത്.

കുത്തുബുദ്ദീന്‍ അല്ലബക്ഷ്(36), മാരുതി പ്രഹ്ലാദ്(30), മഞ്ജുനാഥ് തുക്കാറാം(25), ഗണപതി ജ്ഞാനേശ്വര(27), പ്രശാന്ത് കള്ളപ്പ(28), പ്രവീണ്‍ ശങ്കര്‍(28), ശ്രീധര്‍ മഹാദേവദോണി(31) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പണം കൈപ്പറ്റിയതിന് പുറമെ മുല്ലയില്‍ നിന്ന് അയാളെ സംരക്ഷിക്കുന്നുവെന്ന പേരിലും ഒരു വര്‍ഷമായി പുന്തലിക പണം ചോര്‍ത്തിയിരുന്നു എന്ന പൊലീസ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി ഖാനപൂരിലേക്ക് വരാന്‍ സെപ്റ്റംബര്‍ 28ന് മുല്ലയെ വിളിച്ച് പുന്തലിക ആവശ്യപ്പെട്ടു. മുല്ലയെ പറഞ്ഞ് വിശ്വസിപ്പിച്ച് റെയില്‍വേട്രാക്കിന് സമീപത്തേക്ക് കൊണ്ടുപോയത് അല്ലബക്ഷ് ആണെന്ന് പൊലീസിനോട് അയാള്‍ സമ്മതിച്ചിട്ടുണ്ട്. അവിടെ മറ്റ് അഞ്ച് പ്രതികളും ഉണ്ടായിരുന്നു. ഇവര്‍ യുവാവിനെ കൊലപ്പെടുത്തുകയും ട്രെയിന്‍ കയറിയിറങ്ങിയതാണെന്ന് വരുത്തി തീര്‍ക്കാനായി ശരീരം മുറിച്ച് മാറ്റിയെന്നും പൊലീസ് പറഞ്ഞു.

യുവാവിനെ കൊന്ന് അത് ആത്മഹത്യയാക്കി ചിത്രീകരിക്കാനും പൊലീസ് പിടികൂടിയാല്‍ കുറ്റം മാതാപിതാക്കള്‍ ഏറ്റെടുക്കാനുമാണ് ശ്രീരാമസേന നേതാക്കളുമായി കരാര്‍ ഉണ്ടാക്കിയിരുന്നത് എന്നും പൊലീസ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിശദാശംങ്ങളും പണമിടപാടിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മുല്ലയെയും അയാളുടെ അമ്മയെയും വിളിച്ച് വരുത്തി ഇവര്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ബന്ധത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നായിരുന്നു ഭീഷണി. കൂടാതെ യുവാവിന്റെ സിം പിടിച്ച് വാങ്ങി അവര്‍ നശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മുഴുവന്‍ ഫോട്ടോയും അവര്‍ നശിപ്പിച്ചുുവെന്നും മുല്ലയുടെ അമ്മ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close