INDIANEWSTravel

ആദ്യം ഹീലിയം ബലൂണുകളിൽ നായയെ കെട്ടിത്തൂക്കി പറത്തി; ഇപ്പോൾ രാത്രിയിൽ ക്ഷേത്രത്തിനകത്ത് ഷൂസ് ധരിച്ച് പ്രവേശിച്ചു; രാത്രി ക്ഷേത്രത്തിൽ കയറുന്നവർക്ക് ദൗർഭാഗ്യം വരുമെന്ന വിശ്വാസം പൊളിക്കാനുള്ള ശ്രമം യൂട്യൂബറെ കൊണ്ടെത്തിച്ചത് പോലീസ് സ്റ്റേഷനിൽ

ആഗ്ര: രാത്രിയിൽ ക്ഷേത്രത്തിനകത്ത് ഷൂസ് ധരിച്ച് പ്രവേശിക്കുകയും, അനധികൃതമായി വീഡിയോ ചിത്രീകരിക്കുകയും ചെയ്ത യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്നുള്ള യൂട്യൂബറായ ഗൗരവ് ശർമ്മയാണ് ഉത്തർപ്രദേശിൽ വൃന്ദാവനിലെ ‘നിധിവൻ രാജ്’ കൃഷ്ണ ക്ഷേത്രത്തിൽ അനധികൃതമായി പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ചത്. രാത്രിയിൽ നിധിവൻ രാജ് ക്ഷേത്രത്തിലേക്ക് ആരേയും പ്രവേശിക്കാറില്ല. കൃഷ്ണനും രാധയും ആ സമയം രാസലീല നടത്തുകയാണെന്നാണ് വിശ്വാസം.

നാൽപ്പത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് ഗൗരവ്‌സോൺ എന്ന യൂട്യൂബ് ചാനലിനുള്ളത്. നവംബർ 6ാം തിയതി രാത്രിയാണ് ഗൗരവ് ശർമ്മയും കൂട്ടുകാരും ക്ഷേത്രത്തിലേക്ക് നുഴഞ്ഞു കയറിയത്. അതിന് ശേഷം അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. വിശ്വാസികൾ ഏറെ പവിത്രതയോടെ കാണുന്ന സ്ഥലത്ത് ചെരുപ്പ് ധരിച്ചാണ് വീഡിയോഗ്രാഫർമാർ കയറിയതെന്നാണ് വിവരം. നവംബർ 9നാണ് ഇയാൾ ക്ഷേത്രത്തിനുള്ളിൽ കയറി ചിത്രീകരിച്ച വീഡിയോ പുറത്ത് വിടുന്നത്. തുടർന്ന് ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഇതോടെ പോലീസ് ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. കേസായതോടെ ഗൗരവ് തന്റെ യൂട്യൂബ് ചാനലിൽ നിന്നും ഈ വീഡിയോ ഡിലീറ്റ് ചെയ്തു.

ശനിയാഴ്ചയാണ് ഡൽഹിയിലെ വീട്ടിൽ നിന്നും ഗൗരവിനെ മഥുര പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ക്ഷേത്രത്തിൽ പ്രവേശിച്ചുവെന്നും, വീഡിയോ ചിത്രീകരിച്ചുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ‘ ക്ഷേത്രത്തിനുള്ളിൽ രാത്രി സമയത്ത് ആരും കയറാറില്ലെന്ന് സഹോദരനാണ് പറഞ്ഞത്. അങ്ങനെ കയറുന്നവർക്ക് ദൗർഭാഗ്യം വരുമെന്നാണ് അവൻ പറഞ്ഞത്. അതുകൊണ്ടാണ് സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം ക്ഷേത്രത്തിൽ കയറി വീഡിയോ ചിത്രീകരിച്ചത്. 20 മിനിട്ടോളം സമയം അവിടെ ചെലവഴിച്ചുവെന്നും’ ഗൗരവ് പറഞ്ഞു. ഹീലിയം ബലൂണുകളിൽ നായയെ കെട്ടിത്തൂക്കി പറത്തിയതിന് കുറച്ച് മാസങ്ങൾക്ക് മുൻപ് ഡൽഹി പോലീസ് ഗൗരവിനെതിരെ കേസെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close